
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സമാതകളില്ലാത്ത തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ നേരിട്ട് സംവാദം നടന്നേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. അങ്ങനെയെങ്കിൽ കേരത്തിൽ പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിന്റെ കൂടി തുടക്കമാകും അത്. സംസ്ഥാനത്ത് ഇന്നു വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ പരസ്യ സംവാദം നടന്നിട്ടില്ല.
കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ചത്. വികസനത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ സംവാദ വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുക്കുകയായിരുന്നു. പത്ത് വർഷത്തെ ഭരണനേട്ടങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് മുഖ്യമന്ത്രി സംവാദത്തിനുള്ള താത്പര്യം അറിയിച്ചത്. എൽഡിഎഫ് റിപ്പോർട്ട് കാർഡ് എന്ന പേരിൽ ചിത്രങ്ങളായാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'എന്നാൽ ഇനി സംവാദത്തിന് തയ്യാറായാലോ?' എന്നാണ് പോസ്റ്റിന്റെ തലക്കെട്ട്.
സർക്കാർ നൽകിയിരുന്ന വാഗ്ദാനങ്ങളും അത് പാലിക്കപ്പെട്ടുവെന്നുമുള്ള പോസ്റ്റാണ് മുഖ്യമന്ത്രി ഇട്ടിരിക്കുന്നത്. വിഴിഞ്ഞം, ദേശീയപാത, പട്ടയവിതരണം, ലോഡ്ഷെഡിങ് ഇല്ലാത്ത കേരളം, മുടങ്ങാത്ത ക്ഷേമപെൻഷൻ തുടങ്ങി എല്ലാ കാര്യങ്ങളും നിരത്തിയാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്. ഇതിനു പിന്നാലെയാണ് സംവാദത്തിന് മുഖ്യമന്ത്രി തന്നെ സമയവും സ്ഥലവും തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് അറിയിച്ചത്. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് താൻ സംവാദത്തിനെത്തുമെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.











